Petition updatePlease hear us; Save Ernakulam Angamaly Major Archieparchy for Syro Malabarsബസിലിക്കയിൽ നിന്നും മാറിനിൽക്കുന്ന സാഹചര്യം വ്യക്തമാക്കി മോൺസിഞ്ഞോർ നരികുളത്തിന്റെ കത്ത്.
George PalisseryMaynooth, Ireland
Jul 10, 2023

09/07/2023

എറണാകുളം കത്തീഡ്രൽ ബസിലിക്കയിലെ എന്റെ പ്രിയപ്പെട്ട ഇടവക അംഗങ്ങളേ,

ഇന്ന് ചില പത്രവാർത്തകൾ കണ്ടതിന്റെ വെളിച്ചത്തിൽ കൂടിയാണ് ഈ സന്ദേശം നിങ്ങൾക്ക് ഞാൻ അയക്കുന്നത്. ചില പത്രങ്ങളിൽ എന്റ അപേക്ഷ പ്രകാരം ബസിലിക്കയിലെ ചുമതലകളിൽ നിന്ന് അപ്പസ്തോലി അഡ്മിനിസ്ട്രേറ്റർ എന്നെ ഒഴിവാക്കി എന്ന് കാണുകയുണ്ടായി.

എന്റ അപേക്ഷ പ്രകാരം അല്ല ഞാൻ ചുമതല ഒഴിഞ്ഞത്. മറിച്ച്, ജൂലൈ നാലാം തീയതി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എനിക്ക് നൽകിയ കൽപ്പന പ്രകാരമാണ് ഞാൻ ഒഴിവായത്. കൽപ്പന നൽകുന്നതിന് മുമ്പ് 'സമ്മർദ്ദം' ഉള്ളതുകൊണ്ടാണ് സ്ഥലം മാറ്റുന്നത് എന്ന് പിതാവ് ഫോണിലൂടെ സൂചിപ്പിക്കുകയുണ്ടായി. അതിനുമുമ്പും എന്നെ മാറ്റാൻ പിതാവിനു വ്യക്തിപരമായി താൽപര്യമില്ലെന്ന് ഒന്നിലധികം പ്രാവശ്യം എന്നോട് പറഞ്ഞിട്ടുള്ളതുമാണ്. സമ്മർദ്ദം, എവിടെ നിന്നാണെന്ന് വ്യക്തമല്ല.

ഇന്നലെ ജൂലൈ എട്ടാം തീയതിയാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നൽകിയ കൽപ്പന അനുസരിച്ച് ഞാൻ ബസിലിക്കയിൽ നിന്ന് ഒഴിവാക്കേണ്ടിയിരുന്നതും മറ്റൊരിടത്ത് ചാർജ് എടുക്കേണ്ടിയിരുന്നതും. എന്നാൽ നിയമപരമായി മറ്റൊരു ചാർജ് ഏറ്റെടുക്കാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു.

ഈ കൽപ്പന സംബന്ധിച്ച് ഞാൻ മേലധികാരികൾക്ക് റിക്കോഴ്സ് കൊടുത്തിരിക്കുന്നത് കൊണ്ട് എന്റെ വികാരി സ്ഥാനം തുടരുമെന്നാണ് എനിക്ക് ലഭിച്ച നിയമപദേശം. പള്ളിമേടയിൽ നിന്ന് താമസം മാറ്റേണ്ടത് നിയമപരമായി ആവശ്യമാണെന്നും ഞാൻ മനസ്സിലാക്കുന്നു. സഭയിലെ നിയമവ്യവസ്ഥകൾ ഉപയോഗപ്പെടുത്താൻ എല്ലാവർക്കും അവകാശമുള്ളതുകൊണ്ടാണ് മേലധികാരികൾക്ക് ഒരു റികോഴ്സ് നൽകി ഞാൻ ആ അവകാശവും കടമയും നിർവഹിക്കുന്നത്, അതിൻറെ വിധി അനുകൂലമോ പ്രതികൂലമോ ആയാലും. ആ വിധി വരുന്നതുവരെ നിയമപരമായി ഞാൻ കത്തീഡ്രൽ ബസിലിക്കയുടെ വികാരിയാണ്. എങ്കിലും, അവിടെ താമസിക്കുന്ന ഒരു വികാരി, ഇല്ലാത്തതിന്റെ ആശങ്ക നിങ്ങൾക്കുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.

പ്രിയപ്പെട്ടവരെ 'അനുസരണക്കേട്' കാണിച്ചതിന്റെ പേരിലാണ് എന്നെ സ്ഥലം മാറ്റിയത് എന്ന് സോഷ്യൽ മീഡിയയിൽ ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചില വ്യക്തികളും ഗ്രൂപ്പുകളും യൂട്യൂബിലൂടെ എന്നെ തേജോവധം ചെയ്യാനും, മറ്റും, കിണഞ്ഞ് പരിശ്രമിക്കുന്നു. പക്ഷേ സത്യത്തിന് ഒരു മുഖം അല്ലേ ഉള്ളൂ എന്നതാണ് സമാധാനപ്പെടുത്തുന്നത്.

അഡ്മിനിസ്ട്രേറ്ററെ അനുസരിക്കില്ലെന്ന് ഒരിക്കൽ പോലും ഞാൻ പറഞ്ഞിട്ടില്ല. മറിച്ച്, പിതാവിന് 11 മാസം ആയിട്ടും ബസിലിക്കയിൽ ഒരു കുർബാന പോലും അർപ്പിക്കാൻ സാധിക്കാത്ത സാഹചര്യം എൻറെ കാര്യത്തിലും വാസ്തവമാണെന്ന വസ്തുത ഞാൻ പലവുരു പറഞ്ഞിട്ടുണ്ട് എന്ന് മാത്രം. അതിനെ അനുസരണക്കേടായി ആരെങ്കിലും വ്യാഖ്യാനിച്ചാൽ എനിക്കൊന്നും പറയാനില്ല. വികാരിയെ മാറ്റിയാൽ ബസിലിക്കയിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് നിരന്തരം പ്രചരിപ്പിച്ച് കൊണ്ടിരുന്നവരുടെ 'സമ്മർദ്ദം' പിതാവിന് ഉണ്ടായിരുന്നോ എന്നറിയില്ല.

ബസിലിക്കയിൽ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നെങ്കിലും എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ കഴിവനുസരിച്ച് നിർവഹിച്ചുവെന്ന സംതൃപ്തിയുണ്ട്. അക്കാര്യത്തിൽ നിങ്ങളുടെ നല്ല സഹകരണം എനിക്ക് ലഭിച്ചുവെന്ന് സന്തോഷത്തോടും നന്ദിയോടും കൂടി അറിയിക്കുന്നു.

ഇടവകയിൽ ശാന്തിയും ഐക്യവും പുലരട്ടെ എന്നാംശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സ്നേഹപൂർവ്വം,
ഫാദർ ആന്റണി നരുകുളം.
 വികാരി

Copy link
WhatsApp
Facebook
Nextdoor
Email
X