Petition Closed

മലയാളി മനസ്സ് പരീക്ഷണശാലയാക്കുവാന്‍ സര്‍ക്കാര്‍ നീക്കം; മലയാളികള്‍ക്കൊപ്പം മനഃശാസ്ത്രജ്ഞർ

This petition had 364 supporters


ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി. കെ.കെ. ഷൈലജ ടീച്ചർ അറിയുന്നതിന്,

ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഏപ്രിൽ 7 മുതൽ വിഷാദരോഗികളെ കണ്ടെത്തുവാനും ചികിത്സ നൽകുവാനും 171 മാനസികാരോഗ്യ ക്ലിനിക്കുകൾ തുടങ്ങുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ, പ്രസ്തുത മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് വെറും ഹ്രസ്വകാല പരിശീലനം മാത്രം നൽകി,  ആരോഗ്യ പ്രവർത്തകരെ നിയമിക്കുവാനുള്ള സർക്കാർ നടപടി അത്യന്തം ആപത്കരവും ആശങ്കാജനകവുമാണ്.

മനുഷ്യകുലത്തെ കാർന്നു തിന്നുന്ന രണ്ട് രോഗങ്ങളായാണ് വിഷാദത്തെയും അമിത ഉത്കണ്ഠയെയും ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ 5 കോടിയില്പരം ജനം വിഷാദത്താലും, 3 കോടിയിലധികം ജനം അമിത ഉത്കണ്ഠയാലും ബുദ്ധിമുട്ടനുഭവിക്കുന്നു (2015ലെ കണക്കുപ്രകാരം). ഇന്ത്യയിൽ  ഇക്കാര്യത്തിൽ കേരളമാണ് മുൻപന്തിയിൽ. ഈ സാഹചര്യത്തിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ നല്ല ആശയമാണ്. പക്ഷെ, വിഷാദം പോലുള്ള ജൈവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ രോഗം കൈകാര്യം ചെയ്യുവാനും ചികിത്സ നല്കുവാനും ഹ്രസ്വകാല പരിശീലനം കൊണ്ട് സാധ്യമാവുകയില്ല. അതിന് മനഃശാസ്ത്രത്തെയും മാനസിക രോഗങ്ങളെയും കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.

5-മുതൽ 10 വര്ഷം വരെ വിദഗ്ദ്മായ പഠനവും പരിശീലനവും നേടിയ ഒട്ടേറെ മനഃശാസ്ത്രഞ്ജര്‍ കേരളത്തിലുള്ളപ്പോൾ, മറ്റ് ആരോഗ്യ പ്രവർത്തകരെ തേടുന്നത് മനഃശാസ്ത്രജ്ഞരോടും  കേരള ജനതയോടുമുള്ള സർക്കാരിന്‍റെ അവഗണനയാണ്. പരിശീലനത്തിൻ്റെ ഒരു ഘട്ടത്തിലും പ്രഗത്ഭരായ മനഃശാസ്ത്രജ്ഞരുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്നതും ആശങ്കയുളവാക്കുന്നു. 

മനഃശാസ്ത്രജ്ഞർക്ക് മാത്രം നൽകാൻ കഴിയുന്ന Cognitive Behavioural Therapy, Interpersonal Therapy, തുടങ്ങിയ മനഃശാസ്ത്ര ചികിത്സാ സങ്കേതങ്ങളും,മനോരോഗ വിദഗ്ദ്ധർ  വിഷാദ രോഗികൾക്ക് നല്കുന്ന Antidepressants അടങ്ങിയ മരുന്നുകളും വിഷാദ രോഗത്തിനുള്ള പ്രതിവിധിയായി ലോകാരോഗ്യ സംഘടന ചൂണ്ടി കാണിക്കുന്നു.

Ref:https://drive.google.com/file/d/0B9ffp8DOeLsfWjBHbjhQNDRvQjA/view?usp=sharing

ഈ സാഹചര്യത്തിൽ ഇവയൊന്നും നൽകാൻ സാധിക്കാത്ത ആരോഗ്യപ്രവർത്തകരെ ഈ ചുമതല ഏൽപ്പിക്കുന്നത് രോഗത്തിൻ്റെ ആഘാതം കൂട്ടുന്നതിന് മാത്രമേ കാരണമാവുകയുള്ളൂ.

മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി സർക്കാർ ചിലവാക്കുന്ന ഓരോ രൂപയും നാല് മടങ്ങായി തിരിച്ചു നൽകാൻ വിഷാദവിമുക്തമായ ഒരു ജനതയ്ക്കു കഴിയുമെന്നാണ് WHOയുടെ കണ്ടെത്തൽ (Ref :https://drive.google.com/file/d/0B9ffp8DOeLsfX2N0TzNWLTF5aGc/view?usp=sharing ). മലയാളിയുടെ മാനസികാരോഗ്യം കാക്കുന്നതിന് യോഗ്യരായ മനഃശാസ്ത്രജ്ഞരെ നിയോഗിക്കുന്നതിന് പകരം, പൊതു ആരോഗ്യ പ്രവർത്തകരെ നിയമിക്കുവാന്‍ സർക്കാർ നടപടികളെടുക്കുമ്പോൾ, വോട്ട് നൽകി വിജയിപ്പിച്ച മലയാളി മനഃസാക്ഷിയോടുള്ള വഞ്ചനയായി വേണം ഇതിനെ കരുതുവാന്‍ .

ലോകം മുഴുവൻ അതീവ പ്രാധാന്യത്തോടെ നോക്കി കാണുന്ന മാനസികാരോഗ്യ ചികിത്സാ മേഖലയെ, അതിൻ്റെ വില മനസ്സിലാക്കാൻ കഴിയാത്ത കരങ്ങളിലേല്പിച്ച് കയ്യൊഴിയുവാൻ ജനങ്ങളുടെ ശാരീരിക-മാനസിക കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ഒരു ഭരണകൂടത്തിനാവില്ല. മനഃശാസ്ത്രം കുട്ടിക്കളിയല്ല; അതീവ ജാഗ്രതയോടും ശ്രദ്ധയോടും കൂടി വേണം ഈ മേഖല കൈകാര്യം ചെയ്യുവാൻ.


പുതിയൊരു "തുഗ്ലക്ക് നയം " ആയി ഇത് മാറും മുമ്പ് മലയാളിയുടെ മാനസികാരോഗ്യ കാര്യത്തിൽ 'ഫലപ്രദമായ ഇടപെടൽ' നടത്താൻ സർക്കാർ ബാധ്യസ്ഥരാണ്.

ആയതിനാല്‍, മലയാളി മനസ്സുകളെ മനഃശാസ്ത്രജ്ഞരുടെ കയ്യില്‍ സുരക്ഷിതമാക്കുവാൻ  സർക്കാരിൻ്റെ ഭാഗത്തുനിന്ന് അടിയന്തിരമായ നടപടിയുണ്ടാകണമെന്ന്   താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്,
മലയാളിയെയും, മനഃശാസ്ത്രത്തെയും ഒരുപോലെ സ്നേഹിക്കുന്ന ഒരായിരം മനസ്സുകൾ.Today: Nithin is counting on you

Nithin Lalachan needs your help with “Mind is not a Toy! : A Petition for the Common people, and Mental Health professionals”. Join Nithin and 363 supporters today.